തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായുള്ള ഫണ്ടുകൾ ഒന്നും ലഭിക്കാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് കടുത്ത സാന്പത്തിക പ്രസിസന്ധിയിൽ. ഇതിനിടെ, അധ്യാപക പരിശീലനവും പുതിയ അധ്യയനവർഷത്തെ സ്കൂൾ തുറക്കലും സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ വിവിധ അധ്യാപക സംഘടനകളുടെ യോഗം ഇന്ന് ഓൺലൈനായി വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയാണ് യോഗം.
സ്കൂൾ തുറക്കാനിനി 20 ദിവസം മാത്രമാണുള്ളത്. ഇതിനിടയിൽ വേണം അധ്യാപക പരിശീലന പരിപാടികൾ പൂർത്തിയാക്കാനും പുതിയ അധ്യയനവർഷത്തെ പ്രവേശനോത്സവം ഉൾപ്പെടെയുള്ള പദ്ധതികൾ ക്രമീകരിക്കാനും. എന്നാൽ, സംസ്ഥാനത്ത് കാവൽ മുഖ്യമന്ത്രി മാത്രമാണുള്ളത് എന്നതിനാൽ നയപരമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണ്.
പുതിയ മന്ത്രിസഭ ചുമതലയേറ്റ് വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള മന്ത്രിമാരെ തീരുമാനിച്ചാൽ മാത്രമേ വിദ്യാഭ്യാസ വകുപ്പിലെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം ഉൾപ്പെടെയുള്ളവ നടത്താനും അധികദിവസം ബാക്കിയില്ല. അധ്യാപക പരിശീലനത്തിനായി നിലവിൽ വിദ്യാഭ്യാസവകുപ്പിന്റെ കൈവശം ഫണ്ടുകൾ ഒന്നുമില്ലാത്തതും വകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടെയാണ് ഡിജിഇ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.